സൂക്ഷിക്കാം കാറുകളെ തുരുമ്പില്‍ നിന്നും

0

ഒളിഞ്ഞിരുന്ന് ആക്രമിച്ച് കാറിന്റെ സൗന്ദര്യവും ജീവനും കവരുന്ന വില്ലനാണ് തുരുമ്പ്. ചെറിയൊരു പോറല്‍ പോലും തുരുമ്പിന്റെ വ്യാപനത്തിന് കാരണമാകാറുണ്ട്.തുരുമ്പിന്റെ ഒരംശം മതി നിങ്ങളുടെ കാറിന്റെ റീസെയില്‍ വാല്യു കുത്തനെ ഇടിയാന്‍. അതിനാല്‍ ചില മുന്‍കരുതലുകള്‍ എടുക്കുന്നത് എപ്പോഴും നന്നായിരിക്കും.

  1. കാര്‍ കഴുകുമ്പോള്‍ ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിങ് സോഡ സോപ്പുവെള്ളത്തില്‍ ചേര്‍ത്താല്‍ തുരുമ്പിനെ പ്രതിരോധിക്കാന്‍ സഹായിക്കും. തുരുമ്പിന് കാരണമാകുന്ന ഉപ്പിന്റെ ആക്രമണശക്തിയെ ബേക്കിങ് സോഡ ദുര്‍ബലപ്പെടുത്തും.
  2. കാറിന്റെ അടിവശം, വീല്‍ ഇരിക്കുന്ന ഇടം എന്നിവയാണ് തുരുമ്പ് പിടിക്കാന്‍ സാധ്യതകൂടുതല്‍. അവിടെ പറ്റിപ്പിടിച്ചിരിക്കുന്ന ചെളിയിലെയും മറ്റും ഉപ്പിന്റെ അംശമാണ് പ്രധാന വില്ലന്‍. ഇടയ്ക്കിടെ ഇവിടെ വെള്ളം നല്ലവണ്ണം ചീറ്റിച്ചു കഴുകുക. കാര്‍ ബോഡിയില്‍ അധികനാള്‍ അഴുക്ക് കഴുകിക്കളയാതെ വയ്ക്കുന്നതു തുരുമ്പിന് പ്രോത്സാഹനമാണ്. അണ്ടര്‍ ബോഡി കോട്ടിങ്ങ് ചെയ്യുന്നത് ഇതിനൊരു പരിഹാരമാണ്.
  3. കാറിന്റെ ലോഹഭാഗത്തെ ചെറിയ ഒരു പോറലാണെങ്കില്‍ പോലും പോട്ടേ എന്നു വയ്ക്കരുത്. തീര്‍ത്തും പെയിന്റ് ഉരഞ്ഞു പോയിട്ടുണ്ടെങ്കില്‍ അവിടെ വീണ്ടും പെയിന്റടിച്ച് തുരുമ്പിനുള്ള സാധ്യത തടയാന്‍ ശ്രമിക്കുക. തീരെ ചെറിയ പോറലാണെങ്കില്‍ റബ് ചെയ്ത് കളഞ്ഞാലും മതി.
  4. മഴക്കാലത്തും മറ്റും കാറിനകത്ത് വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഫ്‌ളോര്‍ മാറ്റുകള്‍ എപ്പോഴും ഉണക്കിസൂക്ഷിക്കുക.
    5.വാക്‌സ് ഉപയോഗിച്ച് കാര്‍ പോളിഷ് ചെയ്യുന്നതും തുരുമ്പിനെ പ്രതിരോധിക്കാന്‍ സഹായിക്കും.

6 .കടപ്പുറത്ത് കാറുമായി അധികനേരം ചെലവിടുകയോ, കടല്‍ വെള്ളത്തിലൂടെ കാര്‍ ഓടിക്കുകയോ ചെയ്താല്‍ മടങ്ങിയെത്തിയ ശേഷം ഉറപ്പായും കാറിന്റെ അടിഭാഗം ഉള്‍പ്പെടെ കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. കടല്‍വെള്ളം തെറിപ്പിച്ച് കാര്‍ കടപ്പുറത്തുകൂടെ ഓടിക്കുന്നതും നന്നല്ല. എന്‍ജിന്‍ ക്യാബിനില്‍ ഉപ്പുവെള്ളം കയറിയാല്‍ കാറിന്റെ ഭാവിക്ക് ദോഷകരമാണ്. ഇസിയുവിലെ സെന്‍സറുകള്‍ക്ക് ഹാനികരമാണ് എന്നതിനാല്‍ ഈ ഭാഗത്ത് വെള്ളം അടിച്ചു കഴുകുന്നത് സാധ്യമല്ലെന്നും ഓര്‍ക്കുക.

- Advertisement -