നിലവാരമില്ലാത്ത ചാനലുകള്‍ പൂട്ടേണ്ടി വരും

0

കൊച്ചി: പുതിയ കേബിള്‍/ഡി.ടി.എച്ച് നയം വന്നതോടെ നിലവാരമുള്ള ചാനലുകള്‍ക്കൊപ്പം നിലവാരമില്ലാത്ത ചാനലുകളെ ഒളിച്ചു കടത്തി ഉപയോക്താവിന്റെ പണം പിടിച്ചുവാങ്ങുന്ന രീതി ഇനി ഇല്ലാതാകും. അടിക്കടി ചാനലുകള്‍ തുടങ്ങി ബൊക്കെ (bouquet) എന്ന പേരില്‍ ഉപയോക്താവിനെ അടിച്ചേല്‍പ്പിക്കുന്ന രീതിയ്ക്കാണ് പുതിയ കേബിള്‍ ടിവി നയം അവസാനം കുറിക്കുന്നത്. പുതിയ ട്രായ് നിയമ പ്രകാരം ബൊക്കെ പരിപാടി ഇനിയും നിലനില്‍ക്കും. പക്ഷേ, ഉപയോക്താവിന് ഇനി അത് നിഷ്‌കരുണം അവഗണിക്കാം. തനിക്കു പ്രിയപ്പെട്ട ചാനല്‍ മാത്രം തിരഞ്ഞെടുക്കാം.
ഒരു കമ്പനിക്ക് വിജയിച്ച ഒന്നൊ, ഒന്നിലേറെയോ ചാനല്‍ ഉണ്ടെന്നിരിക്കാം. അതു പോലെ തന്നെ അവര്‍ക്ക് വിജയിക്കാത്ത ചാനലുകളും കണ്ടേക്കും. ഈ ചാനലുകളെയെല്ലാം ഒരുമിച്ച് ബൊക്കെയാക്കി ഉപയോക്താവിന്റെ തലയില്‍ കെട്ടിവെയ്ക്കുന്നതായിരുന്നു ചാനലുടമകളുടെ രീതി. ഇതിലൂടെ തങ്ങളുടെ ചാനലിന് സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടെന്നു പറഞ്ഞായിരുന്നു പരസ്യം പിടിച്ചിരുന്നത്.അതായത് വിജയിച്ച ചാനലുകള്‍ കാണിച്ച് മറ്റുചാനലുകള്‍ ചിലവാക്കുന്നതായിരുന്നു ഇതുവരെയുണ്ടായിരുന്ന രീതി.
അടുത്ത മാസം മുതല്‍ ഇന്ത്യയിലെ ടിവി പ്രേക്ഷകര്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ള ചാനലുകള്‍ മാത്രം തിരഞ്ഞെടുത്ത് അവയ്ക്കുള്ള പൈസ നല്‍കാമെന്നാണ് പുതിയ നയം. ഇത് ഉപയോക്താവിന് നേട്ടം സമ്മാനിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ചാനലുകള്‍ നിലനിര്‍ത്തണമെങ്കില്‍ ശക്തമായ ഉള്ളടക്കം കൊണ്ടുവരാന്‍ ചാനലുടമകള്‍ നിര്‍ബന്ധിതരാകും. അതുവഴി ഉടമയുടെ ചാനലുകളെല്ലാം പ്രേക്ഷകന്‍ ചുമക്കേണ്ടി വരില്ല. ചാനലുകളുടെ ഭാരം ഉടമ തന്നെ ചുമക്കേണ്ടി വരുമ്പോള്‍ ഒന്നുകില്‍ അവ നന്നാകും. അല്ലെങ്കില്‍ പൂട്ടും.ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് വരും വര്‍ഷങ്ങളില്‍ അവരുടെ ചാനലുകള്‍ക്കു മുന്നില്‍ ആളുകളെ പിടിച്ചിരുത്തണമെങ്കില്‍ പിടിപ്പതു പണിയുണ്ടാകുമെന്നു സാരം. കണ്ടെന്റ് മെച്ചപ്പെടുത്തുക എന്നതു കൂടാതെ ചാനലുകളുടെ വിലയും കുറയ്‌ക്കേണ്ടി വരും.

- Advertisement -