നല്ല ആരോഗ്യത്തിനായി അഞ്ച് കാര്യങ്ങള്‍

0

നല്ല ആരോഗ്യവാനായിരിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും ആഗ്രഹം എന്നതിലുപരി ആവശ്യമാണ്. എന്നാല്‍ നമ്മുടെആരോഗ്യം സംരക്ഷിക്കാനുള്ള കാര്യങ്ങള്‍ നമ്മള്‍ ചെയ്യാന്‍ പലപ്പോഴും മടിക്കുന്നു. ഏറ്റവും ലളിതമായി നമ്മുടെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ആരോഗ്യത്തോടെ ഏറെക്കാലം ജീവിക്കാം. 


മാനസിക ആരോഗ്യം
മനസ്സാണ് എല്ലാറ്റിലും വലുത്. മനസ്സ് നന്നായിരിക്കുക, നല്ല ചിന്തകള്‍ മാത്രം മനസ്സില്‍ നിറയ്ക്കുക. എന്നും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ ഇന്ന് എല്ലാ കാര്യത്തിലും എല്ലാവരിലും നന്മ മാത്രം കാണും എന്ന് ഉറപ്പിക്കുക. മനസ്സിന് സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യുക. പാട്ട് കേള്‍ക്കുക, യോഗ, ധ്യാനം തുടങ്ങി ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക. 


നടക്കാം, നാളെയ്ക്കായി
നടപ്പ് ആരോഗ്യ പരിപാലനത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ചെറിയ ദൂരങ്ങള്‍ക്ക് വാഹനം ഉപേക്ഷിച്ച് നടന്ന് ശീലിക്കുക. ലിഫ്റ്റിന് പകരം പടികള്‍ കയറിയിറങ്ങുക. ഇരുന്ന് ജോലി ചെയ്യുന്നവര്‍ മണിക്കൂറില്‍ ഒരു തവണയെങ്കിലും ഒരു രണ്ട് മിനുട്ട് എഴുന്നേറ്റ് നടക്കുക. നടപ്പ് പല അസുഖങ്ങളും ഇല്ലാതാക്കും. ആരോഗ്യത്തോടെ ജീവിക്കാനും സഹായിക്കും.


ചിരിക്കാം, മനസ്സ് തുറന്ന്
ചിരി നല്ലൊരു മരുന്നാണ്. ഉള്ള് തുറന്നുള്ള ഒരു ചിരിയില്‍ തീരാവുന്ന പ്രശ്‌നങ്ങളേ പലപ്പോഴും നമ്മുടെ ജീവിതത്തിലുള്ളൂ. എല്ലാവരോടും നന്നായി പെരുമാറുന്നതിനോടൊപ്പം നല്ല ഒരു ചിരി കൂടി സമ്മാനിക്കുക. ഇടയ്‌ക്കൊക്കെ ഒന്നു പൊട്ടിച്ചിരിച്ചാല്‍ ഒരു അഭിമാനക്ഷതവും സംഭവിക്കില്ല.


നല്ല ഉറക്കം
ദിവസവും രാത്രി ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുന്നത് ശരീരത്തിനും മനസ്സിനും ദിവസം മുഴുവന്‍ ഉന്മേഷം നല്‍കും. ദിവസം മുഴുവനുള്ള അധ്വാനത്തിനു ശേഷം രാത്രി നന്നായി വിശ്രമിച്ചാലേ അടുത്ത ദിവസത്തിനുള്ള ഊര്‍ജം ശരീരത്തിന് ലഭിക്കൂ. ഉറങ്ങുന്നതിന് മുന്‍പ് കഫീന്‍ അടങ്ങിയ പാനീയങ്ങള്‍, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ ഒഴിവാക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും.


ജങ്ക് ഫുഡ് വേണ്ട
എന്നും പുറത്തുനിന്നും ഭക്ഷണം കഴിക്കുന്ന ശീലം പരമാവധി കുറയ്ക്കണം. പ്രത്യേകിച്ച് ജങ്ക് ഫുഡ്. കാലറി കൂടുതല്‍ അടങ്ങിയ ഇത്തരം ആഹാരങ്ങള്‍ അമിതവണ്ണത്തിലേക്കും കൊളസ്‌ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദം എന്നീ അസുഖങ്ങളിലേക്കും നയിക്കും.

- Advertisement -