ദൈവത്തോട് ഒരപേക്ഷ,പണമില്ലാത്തവര്‍ക്ക് കഴിവുകള്‍ കൊടുക്കരുത്… കായിക താരത്തിന്റെ കരളലിയിക്കുന്ന കുറിപ്പ്

0

എല്ലാം മതിയാക്കിയാലോ എന്നാലോചിക്കുവാ… ആര്‍ക്കു വേണ്ടി എന്തിനു വേണ്ടി… ഇങ്ങനെ കഷ്ടപ്പെട്ടിട്ട് എന്തു കിട്ടുന്നു….
ഈ വാക്കുകള്‍ ഒരു കായിക താരത്തിന്റെതാണ്. ട്രയാത്ത്‌ലണ്‍ അത്‌ലറ്റായ തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിനി ദ്യുതി കെ. സുധീറിന്റെതാണ് ഈ വാക്കുകള്‍.അമര്‍ഷത്തോടെയുള്ള ദ്യുതിയുടെ ഈ വാക്കുകള്‍ മലയാളിയുടെ നെഞ്ചിലാണ് തറയ്ക്കുന്നത്. ട്രയ്ത്തലണില്‍ രാജ്യത്തെ പ്രതിനിധികരിക്കുക, ഒളിംപികിസില്‍ പങ്കെടുക്കുക തുടങ്ങിയ എല്ലാ സ്വപ്‌നങ്ങളും പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ് എന്ന വേദനയോടെയുള്ള ദ്യുതിയുടെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

പരിശീലനത്തിന് പണം ഇല്ല. സ്‌പോര്‍ട്ട്‌സ് കിറ്റിന് പണം കണ്ടെത്തണം. സ്‌പോണ്‍സര്‍മാരില്ല, ഭക്ഷണം കഴിക്കാന്‍ പോലും മറ്റുള്ളവരുടെ മുമ്പില്‍ കൈ നീട്ടേണ്ട അവസ്ഥയാണെന്ന് ദ്യുതി വേദനയോടെ പറയുന്നു. നീന്തലും സൈക്ലിങ്ങും ഓട്ടവും ചേര്‍ന്ന ട്രയാത്ത്‌ലണ്‍ എന്ന കായികയിനത്തിനു വേണ്ട പരിശീലനമോ ഉപകരണങ്ങളോ ഒന്നും നല്‍കാന്‍ ദ്യുതിയുടെ കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക് കഴിയില്ല. ദേശിയ ചാംമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട് ഈ 23 കാരി. സ്വപ്‌നങ്ങള്‍ എന്നും പണമുള്ളവന്റെ കുത്തകയാണെന്നും പണമില്ല, അധികാരമില്ല, സ്വാധിനമില്ല, യാതൊന്നും ഇല്ല എന്റെ എല്ലാ സ്വപ്‌നങ്ങളും പാതിവഴിയില്‍ ഉപേക്ഷിക്കുന്നു എന്ന് ദ്യുതി ഫേസ്ബുക്കില്‍ കുറിക്കുന്നു.


ദ്യുതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം.

എല്ലാം മതിയാക്കിയാലോ എന്നാലോചിക്കുവാ….
ആര്‍ക്ക് വേണ്ടി എന്തിനു വേണ്ടി….
ഇങ്ങനെ കഷ്ടപ്പെട്ടിട്ടും എന്ത് കിട്ടുന്നു?
അവഗണനയും നിന്ദയും പുച്ഛവും പരിഹാസവും മാത്രമല്ലാതെ…
സ്വപ്നങ്ങള്‍ എന്നും പണമുള്ളവന്റെ കുത്തകയാ….
ഒരു നേരത്തെ അന്നത്തിനും പ്രാക്ടീസ്‌നും മറ്റുള്ളവരോട് ഇരക്കേണ്ടി വരുന്ന വട്ടപ്പൂജ്യങ്ങള്‍ക്കുള്ളതല്ല…
പണമില്ല…. അധികാരമില്ല… സ്വാധീനമില്ല… യാതൊന്നുമില്ല…. എന്റെ എല്ലാ സ്വപ്നങ്ങളും ഞാന്‍ പാതി വഴിയില്‍ ഉപേക്ഷിക്കുന്നു…നിരാശയില്ല…. അമര്‍ഷം മാത്രം…. ആത്മനിന്ദ മാത്രം…ദൈവത്തോട് ഒരപേക്ഷ…..
പണമില്ലാത്തവര്‍ക്ക് കഴിവുകള്‍ കൊടുക്കരുത്… സ്വപ്നം കാണാനുള്ള കഴിവ് പോലും…..

- Advertisement -