ചുട്ടു പൊള്ളുന്നുണ്ടോ…? എങ്കില്‍ ചില കരുതലുകളാവാം

0

ചുട്ടു പൊള്ളുന്ന ചൂടിനെ അത്ര നിസ്സാരമായി കരുതി തള്ളിക്കളയരുത്. കാരണം അത് ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതാ ചില കരുതലുകള്‍

  1. ഇടയ്ക്കിടെ മുഖം തണുത്തവെള്ളത്തില്‍ കഴുകുക.
  2. വെയിലത്തു നിന്നു കയറുമ്പോള്‍ ഉച്ചിയിലെ വിയര്‍പ്പ് തൂത്തുകളയുക
  3. വെയിലത്തു നിന്നും നേരിട്ട് എ.സി റൂമുകളിലേക്ക് പ്രവേശിക്കാതിരിക്കുക. അല്‍പസമയം സാധരാണ ചുറ്റുപാടില്‍ ചെലവഴിക്കുന്നത് നല്ലത്.
  4. പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. കടുംവര്‍ണത്തിലുള്ള വസ്ത്രങ്ങളും നൈലോണ്‍ പോളീസ്റ്റര്‍ വസ്ത്രങ്ങളും ഒഴിവാക്കുക.
  5. പാദങ്ങള്‍ പൂര്‍ണ്ണമായി മൂടുന്ന തരത്തിലുള്ള ചെരുപ്പുകള്‍ ഒഴിവാക്കുക.
  6. ജോലി സമയം സാധിക്കുമെങ്കില്‍ പുനക്രമീകരിക്കുക. രാവിലെ ഒമ്പതിനും വൈകിട്ട് മൂന്നിനുമിടയില്‍ പുറത്തുള്ള ജോലികള്‍ ഒഴിവാക്കുക.
  7. രാത്രി കിടക്കും മുമ്പ് ചൂട് വെള്ളത്തില്‍ ശരീരം കഴുകുന്നത് നന്ന്.
  8. രാത്രിയില്‍ അമിത ഭക്ഷണം ഒഴിവാക്കാം
  9. പുറത്തിറങ്ങുമ്പോള്‍ പരമാവധി കുട ഉപയോഗിക്കുക.
  10. കുട്ടികളുടെ ഉച്ചനേരങ്ങളിലെ പുറംകളികള്‍ ഒഴിവാക്കണം

വെള്ളം കുടിക്കാന്‍ മറക്കരുതേ

പ്രായപൂര്‍ത്തിയായ ഒരാളില്‍ നിന്ന് ചൂടുകാലത്ത് അരലിറ്റര്‍ മുതല്‍ ഒരു ലിറ്റര്‍ വരെ ജലം വിയര്‍ത്തു പോകും. ശരീരത്തില്‍ നിന്നും വിയര്‍ത്തു പോകുന്ന ഈ ജലം നാം ശരീരത്തിന് തിരിച്ച് നല്‍കിയേ മതിയാകു.
ശരീരത്തിന്റെ താപനില പുനര്‍ജനലീകരണ(rehydration) പ്രക്രിയയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ചൂടു കൂടുമ്പോള്‍ അത് മറ്റ് പ്രധാന അവയവങ്ങളെ ബാധിക്കാതിരിക്കാന്‍ ശരീരം ശ്രമം നടത്തും. ഇതിന് ശരീരംകണ്ടെത്തുന്ന രക്ഷാമാര്‍ഗമാണ് ത്വക്ക്. ത്വക്ക് വഴിയാണ് ശരീരത്തിലെ അധിക താപത്തെ പുറത്തുകളയുക. അതിനാലാണ് ചൂടുകാലത്ത് നാം അധികമായി വിയര്‍ക്കുന്നത്.
ചൂടുകാലത്ത് എത്രമാത്രം വെള്ളം നാം അധികം കുടിക്കുന്നുവോ അത്രയും നല്ലതാണ്. ചുരുങ്ങിയത് 12 മുതല്‍ 15 ക്ലാസ്സ് വരെയെങ്കിലും വെള്ളം ഒരുദിവസം നിര്‍ബന്ധമായും കുടിച്ചിരിക്കണം. രാത്രി കിടക്കുന്നതിന് മുമ്പ് രണ്ട് ഗ്ലാസ് വെള്ളം ശീലമാക്കുന്നത് നല്ലതാണ്.
കോള പോലുള്ള കൃത്രിമ പാനിയങ്ങള്‍ ഒഴിവാക്കണം. കരിക്കിന്‍ വെള്ളം, കറിവേപ്പില ചേര്‍ത്ത മോരും വെള്ളം, ഉപ്പുചേര്‍ത്ത കഞ്ഞിവെള്ളം എന്നിവ കുടുക്കുന്നത് നല്ലതാണന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്.

പഴവര്‍ഗങ്ങളും സസ്യാഹരങ്ങളും ആവാം

ശരീരത്തിലെ ചൂടു കുറയ്ക്കാന്‍ പഴവര്‍ഗങ്ങളും സസ്യഹാരങ്ങളുമാണ് ഏറെ സഹായകം. ധാരാളം ജലാംശമുള്ള പഴവര്‍ഗങ്ങളാണ് കഴിക്കേണ്ടത്. തണ്ണിമത്തന്‍, മാതളനാരങ്ങ, മാമ്പഴം,ചക്ക,പപ്പായ,നെല്ലിക്ക തുടങ്ങിയ പഴവര്‍ഗങ്ങളാണ് ഏറെ ഉത്തമം. ഭക്ഷണത്തില്‍ വെള്ളരി, ഇളവന്‍, ഇലക്കറികള്‍ എന്നിവ ഉള്‍പെടുത്തുന്നത് നല്ലതാണ്. അധികം വറുത്തരച്ചതും കടുത്ത എരിവുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാം. വേനല്‍ക്കാലത്തു വിയര്‍പ്പിനൊപ്പം ശരീരത്തില്‍ നിന്നു ലവണാംശം അധികമായി നഷ്ടപ്പെടും. അതിനാല്‍ ഭക്ഷണത്തില്‍ ഒരുനുള്ളുപ്പ് അധികം ചേര്‍ക്കുന്നത് നല്ലതാണ്.

സൂര്യാഘാതവും സൂര്യ താപവും

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയരുമ്പോള്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരതാപം പുറംതള്ളുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു. ഇതേത്തുടര്‍ന്ന് ശരീരത്തിന്റെ ചില നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ തകരാറിലാവുന്ന അവസ്ഥയാണ് സൂര്യാഘാതം.
ലക്ഷണങ്ങള്‍: ക്രമാതീതമായി ഉയര്‍ന്ന ശരീരതാപം, വരണ്ടതും ചുവന്ന് ചൂടായതുമായ ശരീരം, നേര്‍ത്ത നാഡീമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റം, അബോധാവസ്ഥ. സൂര്യാഘാതം മാരകമായതിനാല്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം.
സൂര്യാഘാതത്തേക്കാള്‍ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതാപം അഥവാ താപശരീരശോഷണം. കനത്ത ചൂടിനെതുടര്‍ന്ന് ശരീരത്തില്‍ നിന്നും ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ചൂടുള്ള കാലവസ്ഥയില്‍ ശക്തിയായ വെയിലത്ത് ജോലിചെയ്യുന്നവരിലും പ്രായധിക്യമുള്ളവരിലും രക്തസമ്മര്‍ദ്ദം മുതലായ രോഗങ്ങള്‍ ഉള്ളവരിലുമാണ് സൂര്യതാപം കൂടുതലായി കാണുന്നത്.
ലക്ഷണങ്ങള്‍: ശക്തിയായ വിയര്‍പ്പ്, വിളര്‍ത്ത ശരീരം, പേശിവലിവ്, ശക്തിയായ ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനം ഛര്‍ദ്ദി,അബോധാവസ്ഥ.

- Advertisement -