ചാമ്പക്കാ സിംപിളാ പവര്‍ ഫുള്ളും

0

കാര്യമായ പരിചരണം ആവശ്യമില്ലാത്ത വിളയാണ് ചാമ്പക്ക. എന്നാല്‍ അതിന്റെ ഗുണമോ നിരവധി. നിര്‍ജലീകരണം തടയാനും ദഹനപ്രക്രിയ സുഗമമാക്കാനും നവോന്‍മേഷത്തോടെ ഇരിക്കാനും സഹായിക്കുന്ന ചാമ്പക്ക വിറ്റാമിന്‍ സിയുടെ കലവറയാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഉത്തമമാണ് ഇത്.

ജ്യൂസ്,സ്‌ക്വാഷ്, വൈന്‍ എന്നിവയെല്ലാം ഉണ്ടാക്കാനും പച്ചയ്ക്ക് കഴിക്കാനും ഉത്തമമായ ചാമ്പക്ക എല്ലാ സീസണിലും കായ്ഫലം തരുന്ന വിളയാണ്. കുരു മുളപ്പിച്ചും കൊമ്പ് കുത്തിയും ചാമ്പക്ക നടാം. 20 വര്‍ഷത്തോളം വിളവ് തരും.

ചാമ്പക്കയുടെ അകത്തുള്ള കായ് ആണ് നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത്. പഴുത്ത പാകമായ ചാമ്പക്കയുടെ ഉള്ളിലുള്ള വിത്താണ് വേണ്ടത്. മൂന്ന് മാസത്തിന് ശേഷം പറിച്ച് മാറ്റി നടാവുന്നതാണ്. നഴ്‌സറികളില്‍ നിന്ന് വിത്ത് വാങ്ങിയാല്‍ നിലമൊരുക്കണം. നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്താല്‍ നല്ല കായ്ഫലം കിട്ടും

ഒരടി നീളവും വീതിയും ആഴവുമുള്ള കുഴികള്‍ വേണം തെരഞ്ഞെടുക്കാന്‍. വേപ്പിന്‍ പിണ്ണാക്കും എല്ലുപൊടിയും മേല്‍മണ്ണുമായി യോജിപ്പിച്ച് കുഴി നിറച്ച് തൈകള്‍ നടണം. നട്ട് ഒരു മാസത്തേക്ക് നനച്ചു കൊടുക്കണം.

മെയ് , ജൂണില്‍ പറിച്ചു നടാം. വേനല്‍ക്കാലത്ത് ഒന്നിടവിട്ട ദിവസങ്ങളില്‍ നനച്ചുകൊടുക്കണം. പൂവിട്ട് കഴിഞ്ഞാല്‍ നനച്ചു കൊടുത്താല്‍ കായ്ഫലം ലഭിക്കുകയും കായകള്‍ക്ക് വലിപ്പം വെക്കുകയും ചെയ്യും. ചാമ്പക്കയുടെ പൂവ് പിടിച്ചു കിട്ടാന്‍ ചെറുതായി പുക നല്‍കുന്നത് നല്ലതാണ്.