കാര്‍ഷികേതര വായ്പകള്‍ക്ക് ഉള്‍പ്പെടെ മൊറട്ടോറിയം പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനം ബാങ്കേഴ്‌സ് സമതി അംഗീകരിച്ചു

0

കൊച്ചി:കര്‍ഷകരുടെ കാര്‍ഷികേതര വായ്പകള്‍ക്ക് ഉള്‍പ്പെടെ മൊറട്ടോറിയം പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനം ബാങ്കേഴ്‌സ് സമിതി തത്വത്തില്‍ അംഗീകരിച്ചു. ഈ വര്‍ഷം ഡിസംബര്‍ 31 വരെ ജപ്തി നടപടികള്‍ ഉള്‍പ്പെടെ നിര്‍ത്തിവെക്കുമെന്നും ബാങ്കുകള്‍ സര്‍ക്കാരിന് ഉറപ്പു നല്‍കി.
സംസ്ഥാനത്ത് കൂട്ട കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗം മൊറട്ടോറിയം ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയത്. അടുത്ത ഒരു വര്‍ഷത്തേയ്ക്ക് കാര്‍ഷിക, കാര്‍ഷികേതര വായ്പകളില്‍ സര്‍ഫാസി നിയമം ചുമത്തി ജപ്തി നടപടികള്‍ ഉണ്ടാകില്ല. കടാശ്വാസ കമ്മീഷന്‍ പരിധിയില്‍ വാണിജ്യ പൊതുമേഖലാ ബാങ്കുകളെ കൊണ്ടുവരണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തോടും ബാങ്കുകള്‍ അനുകൂലമായാണ് പ്രതികരിച്ചതെന്ന് യോഗശേഷം മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
നിലവിലെ തീരുമാനങ്ങള്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ മാത്രമേ നടപ്പാക്കാനാകൂ. ഈ മാസം 12ന് ആര്‍ബിഐ ഉദ്യോഗസ്ഥരുമായുള്ള സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കൂടിക്കാഴ്ചയില്‍ ഈ വിഷയങ്ങളും ചര്‍ച്ചയാകും.
നാളെ ഇടുക്കി ജില്ലയില്‍ കൃഷിമന്ത്രി സന്ദര്‍ശനം നടത്തും. ജില്ലാതല ബാങ്കേഴ്‌സ് സമിതി യോഗത്തിലും മന്ത്രി പങ്കെടുക്കും

- Advertisement -